Saturday, March 24, 2007

തുറന്നിരിക്കുന്ന കണ്ണ്‌

ഗസല്‍ - 2 : പി. ശിവപ്രസാദ്‌


ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു
ഓര്‍മ്മകള്‍ക്കൊരു തിരിയെന്നപോലെ,
ഒരു കളിയുള്ളില്‍ കവിതകള്‍ മൂളുന്നു
ഓമനിക്കാനൊരു കിനാവു പോലെ.

(ഒരു മിഴിയുള്ളില്‍)

കുങ്കുമവാനത്തെ പഞ്ചമിത്തിങ്കളായ്‌
കരളില്‍ നീ കുട്ടിരുന്നെത്രകാലം?
ചന്ദനം ചാലിച്ച സാന്ധ്യസമീരനില്‍
അരികില്‍ നീ ചേര്‍ന്നിരുന്നെത്ര നേരം?
പച്ചിലക്കുമ്പിളില്‍ പാല്‍നിലാവോലുന്ന
പിച്ചകമാലയായ്‌ നിന്‍ പ്രണയം.

(ഒരു മിഴിയുള്ളില്‍)

നക്ഷത്രജാലമായ്‌ നാദഹിന്ദോളങ്ങള്‍
നിന്‍ മണിവീണയില്‍ തുളുമ്പുമ്പോള്‍
മറവികളില്ലാത്ത മനസ്സിന്റെ നോവുകള്‍
‍മൊഴിയുവാനാവാതെ പിടയുന്നു ഞാന്‍.
സ്വപ്നതീരങ്ങളില്‍ തിരികെയെത്താന്‍ എന്റെ
കടവത്ത്‌ ഞാനും കാത്തിരിപ്പൂ.

(ഒരു മിഴിയുള്ളില്‍)

4 comments:

വിഷ്ണു പ്രസാദ് said...

ഈ ഗസലുകളൊക്കെ ആരു പാടും...
ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു
ഓര്‍മ്മകള്‍ക്കൊരു തിരിയെന്നപോലെ


മനോഹരം...

(ഒരു കിളിയുള്ളില്‍ ...എന്നല്ലേ?)

നന്ദു said...

ഗസലുകള്‍ പൊതുവേ എനിക്കിഷ്ടമല്ല. കാരണം അതു ഹൃദയത്തില്‍ വല്ലാത്ത നൊമ്പരമുണ്ടാക്കുന്നു.

പക്ഷേ ഈ വരികള്‍ വായിക്കാതിരിക്കാന്‍ കഴിയുമൊ?
“മറവികളില്ലാത്ത മനസ്സിന്റെ നോവുകള്‍
‍മൊഴിയുവാനാവാതെ പിടയുന്നു ഞാന്‍.“

കടുകട്ടി ക്കവിതകളില്‍ നിന്നും ലളിതമായ ഗസലുകളിലേയ്ക്കുള്ള ചുവടുവയ്പ് നന്നായിട്ടുണ്ട്.

ശെഫി said...

ആരേങ്കിലും പാടിക്കേട്ടിരിന്നെങ്കില്‍ എന്നശിച്ചു പോവുന്നു.
നന്നായിരിക്കുന്നു.

G.MANU said...

manoharam..shivji