Wednesday, March 7, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം.........

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള

[സ്വപ്നത്തിന്‍ ........

കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ

[സ്വപ്നത്തിന്‍..........

ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
‍പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്
‍സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം

[സ്വപ്നത്തിന്‍...........


ഗാനശാഖിയിലെ പൂക്കള്‍ തേടിവരുന്ന വണ്ടുകള്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു

6 comments:

Unknown said...

ഗാനശാഖിയില്‍ ഒരു ഗാനശീലു കൂടി ഏവര്‍ക്കും സ്വാഗതം.
ഇതു പാടിക്കേള്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീ പണിക്കര്‍ സാര്‍.താമസിയാതെ പാടിക്കേള്‍ക്കാനുള്ള ഭാഗ്യവും നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

സു | Su said...

നന്നായിട്ടുണ്ട്. ഇനി പാടിക്കേള്‍ക്കുകയും ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. പണിക്കര്‍ജി ആണോ പാടുക?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൊതുവാളിന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്ന ഗാനം ആദ്യത്തെ വരികള്‍ (പല്ലവി) ഞാന്‍ കവിയരങ്ങില്‍ പാടിയിരുന്നു. അതു കേട്ടു ആണുമല്ലൊ. എന്റെ ശബ്ദം നല്ലതല്ലാത്തതു കൊണ്ട്‌ മറ്റ്‌ ശബ്ദമാധുരിയുള്ളവരെ ഞാന്‍ ക്ഷണിച്ചിരുന്നു അതു പാടുവാന്‍.

ഇന്ദു എന്ന ഒരു ഗായിക വളരെ സുന്ദരമായി അതു പാടിയിട്ടുണ്ട്‌.

പക്ഷെ അവര്‍ക്ക്‌ recording സംവിധാനം ഇല്ലാത്തതിനാല്‍ നാലഞ്ച്‌ ദിവസങ്ങള്‍ കൂടി കഴിഞ്ഞേ എന്റെ കയ്യിലെത്തൂ, അതു കഴിഞ്ഞാല്‍ music മിക്സ്‌ ചെയ്തു പോസ്റ്റാം അത്രയും ക്ഷമിക്കാനപേക്ഷ.

സാരംഗി said...

പൊതുവാള്‍, വളരെ നല്ല വരികളാണു..പണിയ്ക്കര്‍ സാര്‍ ഈണം നല്‍കി പോസ്റ്റ്‌ ചെയ്യുന്നത്‌ കാത്തിരിയ്ക്കുന്നു....

വേണു venu said...

പൊതുവാള്‍‍ നല്ല വരികള്‍‍.:)

വിഷ്ണു പ്രസാദ് said...

പൊതുവാള്‍ ,കൊള്ളാം.ഇനി പാട്ട് കേള്‍ക്കുകയും ചെയ്യാമല്ലോ.