Wednesday, March 14, 2007

ഗസല്‍ -1 : ഗുലാം അലി പാടുന്നു

ഗുലാം അലി പാടുന്നു...
കാറ്റിന്‍ കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ്‌ വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.

(ഗുലാം അലി പാടുന്നു...)

താജ്‌മഹലിന്നൊരു രാഗകിരീടം
പ്രാണന്‍ കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന്‍ സൌഭഗമായി...

(ഗുലാം അലി പാടുന്നു...)

യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്‍മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...

(ഗുലാം അലി പാടുന്നു...)

000

12 comments:

പി. ശിവപ്രസാദ്‌ said...

ഇതാ ഗാനശാഖിയിലേക്ക്‌ എന്റെ ആദ്യ ഗസല്‍, 'ഗുലാം അലി പാടുന്നു'. (പി. ശിവപ്രസാദിന്റെ ഗസലുകള്‍)

G.MANU said...

nannayi shivetta

Unknown said...

വളരെ നന്നായിട്ടുണ്ട്

Anonymous said...

മാഷെ,
ഒരു മെയില്‍ ചെയ്യുമോ?
thulasi79@gmail.com

മൂര്‍ത്തി said...

പൊതുവെ നന്നായിട്ടുണ്ട്.
ഗസലിന്റേതായ ശൈലി വന്നിട്ടുണ്ട്.

എങ്കിലും ചെറിയ ചില സംശയങ്ങള്‍. അത്ര ശരിയാണോ എന്നറിയില്ല.

ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഇതിലെ ‘ഏവരും’ എന്ന പ്രയോഗം എന്തോ പോലെ തോന്നുന്നു. ചേരാത്തതു പോലെ. ഒഴുക്കിനെന്തോ തടസ്സം പോലെ. അണിയുമ്പോള്‍ എന്നതും അത്ര ശരിയായോ എന്നറിയില്ല.

‘വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍‘ എന്നതിലെ ‘മരുവുക’ എന്നതിനു വസിക്കുക എന്നല്ലേ അര്‍ത്ഥം? തരംഗങ്ങള്‍ അവിടെ അങ്ങിനെ മരുവുന്നുണ്ടോ? രാഗകിരീടം, ദേവമിനാരം പ്രയോഗങ്ങള്‍ അത്ര മനസ്സിലായില്ല.

ഒരുവട്ടം കൂടി തിരുത്തി എഴുതിയാല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നുന്നു..ഒന്നുകൂടി ഒഴുക്കു വരും.

മലയാള ഗസല്‍ ശാഖയിലേക്ക് കൂടുതല്‍ കൂടുതല്‍ നല്ല ഗാനങ്ങള്‍ സംഭാവന ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

qw_er_ty

സാരംഗി said...

ഗസല്‍ നന്നായി ഇഷ്ടപ്പെട്ടു..

വിഷ്ണു പ്രസാദ് said...

എന്താണ് ഒരു പാട്ടിനെ ഗസലാക്കുന്നത്.ഘടനയില്‍ അതെങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?എന്റെ ഈ വിവരക്കേട് വിവരമുള്ളവര്‍ ആരെങ്കിലും ഒന്നു മാറ്റിത്തരുമോ?

ശിവേട്ടാ,ഇത് നന്നായിട്ടുണ്ട്.പാട്ടുകള്‍ പാടിത്തന്നെ കേള്‍ക്കണം.

കൈയൊപ്പ്‌ said...

വിഷ്ണുമാഷേ, സച്ചിദാനന്ദന്റെ ‘കവിത’ ഉമ്പായി പാടും വരെ കവിതയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ സ്വരങ്ങള്‍ ലയിച്ച് പാടും വരെ ഈ ‘ഗസല്‍-1’ ഉം കവിത മാത്രം.

കണ്ണൂസ്‌ said...

വിഷ്ണു മാഷേ, സാങ്കേതികമായി പറഞ്ഞാല്‍ ഗസല്‍ "ഷേറു"കളുടെ കൂട്ടമാണ്‌. ഒറ്റക്ക്‌ നിന്നാലും കവിതയായി ഗണിക്കപ്പെടാവുന്ന ഈരടികളെയാണ്‌ പൊതുവെ "ഷേര്‍" എന്ന് പറയുക. ഷേറുകള്‍ കൊണ്ട്‌ ഒരു ഗസല്‍ തീര്‍ക്കുമ്പോള്‍, ആ കൂട്ടത്തിലുള്ള എല്ലാ ഷേറുകള്‍ക്കും ഒരേ നീളം വേണം, ഒരേ അന്താക്ഷരി ആയിരിക്കണം, റൈമിംഗ്‌ ഒരേ പോലെ ആയിരിക്കണം തുടങ്ങി കുറേ നിയമങ്ങളുണ്ട്‌. അങ്ങിനെ നോക്കുമ്പോള്‍, ഇന്ന് ഗസല്‍ എന്ന് പറഞ്ഞ്‌ പ്രശസ്തരായ പലരും അവതരിപ്പിക്കുന്ന ഗാനങ്ങള്‍ ഗസല്‍ ആവില്ല എന്നാണ്‌ പറയുന്നത്‌. അവക്ക്‌ "നഗ്‌മ" എന്നാണത്രേ പറയേണ്ടത്‌.

വിഷ്ണു പ്രസാദ് said...

കണ്ണൂസ്,ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായ ഒരു ലേഖനം ചെയ്യുമോ?ഈ ബ്ലോഗിലേക്ക് ഒരു ക്ഷണമയയ്ക്കട്ടെ.

കണ്ണൂസ്‌ said...

വിശദമായി എഴുതാനുള്ള അറിവൊന്നുമില്ല മാഷേ. എന്തായാലും ക്ഷണം അയക്കൂ. എവിടുന്നെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ത്ത്‌ എഴുതാം.

kannusmv@gmail.com

നിര്‍മലന്‍ said...

nallath