Saturday, December 29, 2007

രാമഴ തോരാതെ പെയ്തുവല്ലോ

'രാമഴ തോരാതെ പെയ്തുവല്ലോ
എന്റെ മോഹത്തിന്‍
ചേല കുതിര്‍ന്നുവല്ലോ'
തൂവല്‍ നനഞ്ഞൊരു
രാക്കിളി ചില്ലയില്‍
ഇണയെ പിരിഞ്ഞതിന്‍
നോവോടെ തേങ്ങുന്നു

മുകിലുകള്‍ നീങ്ങിയീ
മാനം തെളിയുമോ
മനതാരിലൊളി പെയ്യും
ചന്ദ്രിക വിടരുമോ
പാതി തുറന്നിട്ട
ജാലകപ്പാളികള്‍
നിഴല്‍കാഴ്ചയെങ്കിലും
നല്‍കുമോ നിന്നുടെ.

വര്‍ണ്ണവസന്തമേ
വരുമോ നീയൊരുനാളിലീ
ചതുപ്പു പാടങ്ങളില്‍
പൂപ്പാട്ട് പാടുവാന്‍.

Saturday, December 8, 2007

പുഴയും പുലര്‍വെയിലും

പുഴയും പുലര്‍വെയിലും
ഇതള്‍വിരിയും പുഞ്ചിരിയും
ഉണരും കുയില്‍മൊഴിയും
പുണരും നിന്‍ പ്രണയം

ഒരു നിശയില്‍
പനിമതിയായ്
പൂക്കും...

കുളിരലയില്‍
തളിരിലയായ്
ഒഴുകും....

ഒരു നോട്ടം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും

(പുഴയും പുലര്‍വെയിലും)

ഉയിരില്‍
കടലലകള്‍
ഉയരും....

ഹൃദയം
തരിതരിയായ്
ഉടയും...

ഒരു സ്പര്‍ശം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും.

(പുഴയും പുലര്‍വെയിലും) -

Thursday, November 29, 2007

മദിരാ മദിരാ-യൂ ട്യൂബില്‍

ഈ പാട്ട് റിലീസ് ചെയ്തിട്ടില്ല.പക്ഷേ യൂട്യൂബില്‍ രണ്ടിടത്ത് കാണുന്നു.ഒരിടത്ത് 3000ത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.പാട്ട് ഏഷ്യാനെറ്റ് പ്ലസില്‍ വരുന്നുണ്ടായിരുന്നു.

കണ്ട് അഭിപ്രായിക്കുമല്ലോ.തന്ന ഈണത്തിനുസരിച്ച് എഴുതിക്കൊടുത്തതാണ്.

പൊന്നെന്നും പൂവെന്നും എന്ന പാട്ട് ഇവിടെ കാണാം/കേള്‍ക്കാം

(എന്തായാലും ഒന്ന് കേട്ടുനോക്കണം.ഇതിനേക്കാള്‍ ഭേദമാണ് :))

മദിരാ മദിര-ലിറിക് ഇവിടെ

പാടിയത്-ഫ്രാങ്കോ

പൊന്നെന്നും പൂവെന്നും-എന്റെ പാട്ട് യു ട്യൂബില്‍

ഞാനെഴുതിയ ‘പൊന്നെന്നും പൂവെന്നും ...’ എന്ന പാട്ട് യൂ-ട്യൂബില്‍ എട്ടുമാസങ്ങള്‍ക്കു മുന്‍പേ അപ്‌ലോഡ് ചെയ്തിട്ടിരിക്കുന്നു.ഇതിന്റെ സംവിധായകന്‍ തന്നെയാണത്രേ.ആരറിഞ്ഞു!പാട്ടെഴുത്തുകാരന്റെ വില...

:(

കേട്ടുനോക്കി അഭിപ്രായം പറയുമല്ലോ...

മദിരാ മദിരാ എന്ന പാട്ട് ഇവിടെയും കേള്‍ക്കാം

പൊന്നെന്നും പൂവെന്നും എന്ന പാട്ടിന്റെ ലിറിക് ഇവിടെ

പാടിയത്-വിധു പ്രതാപ്

Tuesday, May 22, 2007

ശ്രാവണം..(ഗാനശാഖി)

ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ,
പൂവുകള്‍ക്കു കണ്ണെഴുതാന്‍ ശലഭമെത്തീ,
ആരാരും കാണാതെ, നീ തന്ന സമ്മാനം,
ചൊടിയിലേതു പുതുമലരായ് പൂത്തൊരുങ്ങി..(2)

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

കാടുകള്‍ക്കു മരതകം നല്‍കിയാരോ..
താരുകള്‍ക്കു പൊന്നണിഞ്ഞു നല്‍കിയാരോ...(2)
നാട്ടുമാവിന്‍ ചില്ലയില്‍, പാട്ടുപാടി പൂങ്കുയില്‍,
ഹൃദയം തരളിതമാകും ഓണക്കാലം...
ഒരുവട്ടംകൂടിയീ ഓണക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

മാരിവില്ലിന്നൂയലില്‍‍ ആടിയിന്നാരോ...
ചെമ്പകത്തിന്നിതളുകള്‍ ചൂടിയിന്നാരോ..(2)
കണ്ടുനിന്ന മുല്ലകള്‍, കൊഞ്ചിനിന്ന വേളയില്‍..
മധുരം പകരുകയായീ പ്രേമക്കാലം,
മനസ്സില്‍ മധുമഴപോലെ പ്രേമക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

Saturday, May 5, 2007

ഒരു ഗാനം കൂടി, ഗാനശാഖിയിലേയ്ക്ക്‌..

കിളിവാതിലില്‍...
കളമൊഴി കേട്ട നേരം
വനജ്യോത്സ്ന തന്‍
നീള്‍മിഴിക്കുമ്പിളില്‍ നാണം
വിടരുകയായ്‌, പനിനീരിന്‍ ഗന്ധമാര്‍ന്നൊരു സ്വപ്നം (2)

(കിളിവാതിലില്‍... )

പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമം,
കാതുകളില്‍ ഇളംകാറ്റിന്‍ ലോലമര്‍മരം (2)

അണയുകയായ്‌, നേര്‍ത്ത യവനിക നീക്കി മധുമാസം,
പുലരുകയായ്‌ ഹൃദയത്തില്‍ ഒരു പുതു വാസന്തം..

(കിളിവാതിലില്‍... )
തേനലകള്‍ പകരുമ്പോള്‍ കൂമ്പിയിന്നു നയനം,
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം (2)

ഉണരുകയായ്‌ മണ്‍ വീണയില്‍ ഏതോ പുതുരാഗം,
തഴുകുകയായ്‌ അദൃശ്യമാം ഏതോ ഹിമതീര്‍ഥം..

(കിളിവാതിലില്‍... )

Wednesday, April 18, 2007

കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ

(Male)
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്‍കുമ്പോള്‍
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്
‍കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..

(Female)
നിന്റെ യോര്‍മ്മപ്പൂവിരിയും കൂവളത്തറയൊന്നിലിന്നു
വിളക്കുവച്ചു നമിച്ചു നില്‍ക്കും മോഹജാലങ്ങള്‍ എന്റെ
മോഹജാലങ്ങള്‍

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )


(Male)
മഞ്ഞുചുറ്റിയ പൊന്നുഷസ്സു പ്രദക്ഷിണം വച്ചംബരത്തില്‍
വന്നു കുളിരിന്‍ ചന്ദനക്കുറി ചാര്‍ത്തി ന്‍ല്‍ക്കുമ്പോള്‍
പാതി തീര്‍ത്ഥം താരിളം കൈ കൊണ്ടു മുടിയില്‍ തൂവി മെല്ലെ
പാരിജാതം പുഞ്ചിരിച്ചു കുണുങ്ങി നില്‍ക്കുമ്പോള്‍

(Female)
നിന്റെ നെഞ്ചിന്‍ നടതുറന്നു പൊഴിഞ്ഞ ശംഖൊലികേട്ടു നിന്നെന്‍
ആത്മദാഹസുഗന്ധികള്‍ക്കിന്നുത്സവം ദേവാ....

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )

(Male)
ആടിമാസക്കാറ്റുവന്നു തലോടി നില്‍ക്കും കായലോള
പാട്ടുകേട്ടുതുടിച്ച രാവിന്‍ മുടിയുലഞ്ഞപ്പോള്‍
അമ്പിളിപ്പൈമ്പാലു നേദിച്ചങ്കണത്തൊരു മല്ലികപ്പൂ-
വമ്പുകൊണ്ടവളഞ്ജനക്കണ്ണാട്ടി നില്‍ക്കുമ്പോള്‍

(Female)
മന്ദഹാസപ്പൂനിലാവു പുണറ്‍ന്നുണര്‍ന്ന കിനാക്കളും നിന്
‍മൌനരാഗപരാഗമുത്തു തിരഞ്ഞു നില്‍ക്കുന്നൂ...

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )