Tuesday, May 22, 2007

ശ്രാവണം..(ഗാനശാഖി)

ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ,
പൂവുകള്‍ക്കു കണ്ണെഴുതാന്‍ ശലഭമെത്തീ,
ആരാരും കാണാതെ, നീ തന്ന സമ്മാനം,
ചൊടിയിലേതു പുതുമലരായ് പൂത്തൊരുങ്ങി..(2)

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

കാടുകള്‍ക്കു മരതകം നല്‍കിയാരോ..
താരുകള്‍ക്കു പൊന്നണിഞ്ഞു നല്‍കിയാരോ...(2)
നാട്ടുമാവിന്‍ ചില്ലയില്‍, പാട്ടുപാടി പൂങ്കുയില്‍,
ഹൃദയം തരളിതമാകും ഓണക്കാലം...
ഒരുവട്ടംകൂടിയീ ഓണക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

മാരിവില്ലിന്നൂയലില്‍‍ ആടിയിന്നാരോ...
ചെമ്പകത്തിന്നിതളുകള്‍ ചൂടിയിന്നാരോ..(2)
കണ്ടുനിന്ന മുല്ലകള്‍, കൊഞ്ചിനിന്ന വേളയില്‍..
മധുരം പകരുകയായീ പ്രേമക്കാലം,
മനസ്സില്‍ മധുമഴപോലെ പ്രേമക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

Saturday, May 5, 2007

ഒരു ഗാനം കൂടി, ഗാനശാഖിയിലേയ്ക്ക്‌..

കിളിവാതിലില്‍...
കളമൊഴി കേട്ട നേരം
വനജ്യോത്സ്ന തന്‍
നീള്‍മിഴിക്കുമ്പിളില്‍ നാണം
വിടരുകയായ്‌, പനിനീരിന്‍ ഗന്ധമാര്‍ന്നൊരു സ്വപ്നം (2)

(കിളിവാതിലില്‍... )

പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമം,
കാതുകളില്‍ ഇളംകാറ്റിന്‍ ലോലമര്‍മരം (2)

അണയുകയായ്‌, നേര്‍ത്ത യവനിക നീക്കി മധുമാസം,
പുലരുകയായ്‌ ഹൃദയത്തില്‍ ഒരു പുതു വാസന്തം..

(കിളിവാതിലില്‍... )
തേനലകള്‍ പകരുമ്പോള്‍ കൂമ്പിയിന്നു നയനം,
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം (2)

ഉണരുകയായ്‌ മണ്‍ വീണയില്‍ ഏതോ പുതുരാഗം,
തഴുകുകയായ്‌ അദൃശ്യമാം ഏതോ ഹിമതീര്‍ഥം..

(കിളിവാതിലില്‍... )